ആ കദംബമരച്ചുവട്ടിൽ
കദംബമരത്തെ ചുറ്റിപ്പറ്റി കാൽപ്പനികമായ ഒരു വിശ്വാസമുണ്ട്.കദംബമരച്ചുവട്ടിൽ പങ്കുവയ്ക്കപ്പെട്ട പ്രണയം ജീവിതാവസാനം വരെ ആ മരം കാത്തുസൂക്ഷിക്കും എന്നതാണത്. പിന്നീടൊരുകാലം അവർ വേർപിരിഞ്ഞു പോയാൽ ഈ മരം അവരെ കൂട്ടിയിണക്കുമത്രെ! . . .
വായിച്ചുകൊണ്ടിരുന്ന മാഗസിൻ അടച്ചുവച്ച് ഞാൻ പതിയെ കസേരയിലേക്ക് ചാഞ്ഞിരുന്നു.
മഴക്കു മുന്നോടിയായി കാറ്റ് വീശിത്തുടങ്ങിയിരുന്നു. മുറ്റത്ത് വീണു കിടക്കുന്ന ഇലകളോടൊപ്പം ചിതറിപ്പോയ എന്റെ ഓർമ്മകളേയും എങ്ങോട്ടെന്നില്ലാതെ ആ കാറ്റ് പറപ്പിച്ചു കളഞ്ഞു.പെയ്തിറങ്ങാൻ കൊതിച്ചു നിൽക്കുന്ന അടുത്ത മഴയെത്തും മുൻപേ മറ്റൊരു കദംബമരച്ചുവട്ടിലാണ് ഓർമ്മകൾ പെയ്തിറങ്ങിയത്.
കാതങ്ങളകലെയുള്ള , കാലങ്ങൾക്കപ്പുറമുള്ള ഒരു കദംബമരച്ചുവട്. സന്ധ്യമയങ്ങി തുടങ്ങിയിരുന്നു. ക്ലാസെല്ലാം കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിനോട് ചേർന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ആ മരച്ചുവട്ടിൽ എത്തുമ്പോൾ എന്നും സന്ധ്യയാവാറുണ്ട്. അതാവണം എൻ്റെ ഓർമ്മകളിൽ പ്രണയത്തിനെപ്പോഴും സന്ധ്യയുടെ അരുണ വർണ്ണം പടർന്നിരിക്കുന്നത്.
ഗ്രൗണ്ടിൽ കുറച്ചുമാറി ബാസ്കറ്റ് ബോൾ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ശബ്ദം മാത്രം ഇടയ്ക്ക് പ്രതിധ്വനിച്ചു കേൾക്കാം.പുതുതായി പഠിച്ച ഏതാനും മലയാളം വാക്കുകൾ അവൾ എന്റെ കൈവള്ളയിൽ എഴുതിക്കൊണ്ടിരിക്കുകയാണ്. എഴുതിയത് കാണാതിരിക്കാനെന്നോണം ഞാൻ നോക്കുമ്പോൾ എന്റെ കൈവിരലുകൾ അടച്ചുവയ്ക്കുന്നുമുണ്ട്.
" മലയാളത്തിൽ നിനക്കേറ്റവും പ്രിയപ്പെട്ട വാക്ക് ഏതാണ്? " കുറച്ചു നേരത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ ചോദിച്ചു.
"ഒരൊറ്റ അക്ഷരം മാത്രമുള്ള ഈ പേരു തന്നെ " കയ്യിൽ എഴുതി വച്ച എന്റെ പേര് കാണിച്ചു കൊണ്ട് അവൾ പറഞ്ഞു. വിഷാദം കലർന്ന ഒരു പുഞ്ചിരിയോടെ...
പണ്ടെങ്ങോ വായിച്ച "ബാല്യകാലസഖി" യിലെ "വിഷാദമധുരമായ" ചിരി ഞാൻ നേരിൽ കാണുന്നത് ആദ്യമായാണ്.
ആ വാക്കിന്റെ അർത്ഥം പറഞ്ഞു മനസ്സിലാക്കാൻ ഞാൻ ഒരു ശ്രമം നടത്തി നോക്കി. സാധാരണ സംഭവിക്കാറുള്ളതു പോലെ ഒരു പരാജയത്തിലാണ് അതും കലാശിച്ചത്.
"ഡോ -റേ - മീ -ഫാ - സോ - ലാ- ട്ടി ..."
എന്നും പറഞ്ഞ് ഗൗരവത്തിൽ അവൾ എഴുന്നേറ്റു.എനിക്കൊന്നും മനസ്സിലാവുന്നില്ല എന്നോടൊന്നും പറയേണ്ട എന്ന സൂചനയാണ് ഈ "ഡോ -റേ - മീ -ഫാ - സോ - ലാ- ട്ടി ". ഞാൻ എന്തെങ്കിലും പറയും മുൻപ് അവൾ പോകാനായി എഴുന്നേറ്റു. പോകുന്ന പോക്കിൽ മരത്തിൽ നിന്നു ഒരു കായ് പറിച്ച് എന്റെ നേരെ ഒരേറ്...
ഞെട്ടി എഴുന്നേൽക്കുമ്പോൾ അലുമിനിയം ഷീറ്റിലേക്ക് മഴ പെയ്യുമ്പോഴുണ്ടാകുന്ന കനത്ത ശബ്ദം മാത്രം.അവളുടെ ഓർമ്മകൾക്കു മീതെ വന്നു പെയ്യുന്നതിന് മഴയോട് തോന്നിയ പരിഭവം മറച്ചു വച്ച് ഞാൻ വായിച്ചു വച്ച ആ മാഗസിൻ വീണ്ടും എടുത്തു കദംബമരച്ചുവട്ടിലെ പ്രണയ സങ്കൽപ്പങ്ങളിലുടെ ഒരിക്കൽ കൂടെ കണ്ണോടിച്ചു.വിശ്വാസങ്ങളെല്ലാം സത്യമായിരുന്നെങ്കിൽ...പക്ഷേ മനസു മുഴുവൻ അതേ മരച്ചുവട്ടിൽ വച്ച് വിടപറഞ്ഞു പിരിഞ്ഞു പോയ അവളുടെ ചിത്രമായിരുന്നു. ഒരു നഷ്ടപ്രണയം... നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാനാവാതെ ലോകത്തുള്ള എല്ലാത്തിനോടും പരിഭവിച്ചു നിൽക്കുന്ന മനസ്സ്.എവിടെയാണ് ഞാൻ ആ പ്രണയം തേടേണ്ടത് ?
ആ ചോദ്യം ഒരു യാത്രയിലേക്കാണ് എന്നെകൊണ്ടെത്തിച്ചത്. കദംബമരച്ചുവട്ടിലേക്കൊരു യാത്ര.
പണ്ടൊരിക്കൽ ജീവിതത്തിലെ വലിയൊരു യാത്രയുടെ തുടക്കത്തിലാണ് ഞങ്ങൾ കണ്ടുമുട്ടിയത്.രണ്ട് പേർക്കും തീർത്തും അപരിചിതമായ ഒരു നഗരം.കോളേജിലെ ആദ്യ ദിനങ്ങളിലൊന്നിൽ തമ്മിൽ പരിചയപ്പെടുമ്പോൾ അവൾ പറഞ്ഞു "ഞാനും നിങ്ങളുടെ നാട്ടിൽ നിന്നാണ്. പക്ഷെ ഇതുവരെ നാട്ടിൽ വരാനോ നിൽക്കാനോ കഴിഞ്ഞിട്ടില്ല."
സ്വന്തം നാട് അന്യമായ ഒരു പെൺകുട്ടി! എനിക്കത്ഭുതം തോന്നി.
"പരിചയപ്പെട്ടതിൽ വളരെ സന്തോഷം. ഭാഷ അത്ര വശമില്ലാത്തതു കാരണം തന്നോട് സംസാരിക്കുന്നത് വളരെ കുറവായിരിക്കും ഒന്നും തോന്നരുത് കേട്ടോ?"
ഇംഗ്ലീഷിൽ ആദ്യമായി സംസാരിച്ചു തുടങ്ങിയ ഞാൻ പറഞ്ഞൊപ്പിച്ചു.
അങ്ങിനെ തുടങ്ങിയ ഒരു സൗഹൃദം...
നാട്ടിൽ പോകുമ്പോൾ ഒരിക്കൽ അവളെയും കൂടെ കൂട്ടണമെന്ന് അന്നേ മനസ്സിൽ കരുതിയിരുന്നു.
പിന്നീട് ആ സൗഹൃദം പ്രണയത്തിന് വഴിമാറിയപ്പോൾ സ്നേഹം പങ്കുവെക്കാൻ ഒരു ഭാഷയുടെ ആവശ്യമില്ലെന്ന് രണ്ട് പേരും തിരിച്ചറിയുകയായിരുന്നു.പ്രണയത്തിന്റെ ഒരു കൊച്ചു വസന്തകാലം കഴിഞ്ഞ് അനിവാര്യമായ
അടുത്ത വേനലിൽ അതിലും അനിവാര്യമായ ഒരു വേർപാട്. വിട പറഞ്ഞകലുന്ന അവളെ നോക്കി യാത്രപോലും പറയാനാകാതെ ആ വിരഹച്ചൂടിൽ ഉരുകിയൊലിച്ച് വീണുപോയ നാളുകൾ. ഒടുവിൽ കാലപ്രവാഹത്തിൽ എപ്പോഴോ എഴുന്നേറ്റ് വീണ്ടും യാത്ര തുടർന്നു. മറക്കാനിഷ്ടപ്പെടാതെ ആ ഓർമ്മകൾ,വിഷാദാത്മകമെങ്കിലും പ്രിയതരമായ ഒരു പുസ്തകം പോലെ അപ്പോഴും നെഞ്ചോട് ചേർത്തു പിടിച്ചിരുന്നു.
ട്രെയിൻ പുറപ്പെട്ടപ്പോൾ മുതൽ മഴ പെയ്യുന്നുണ്ട്. യാത്രയിലുടനീളം ഞാൻ ചിന്തിച്ചത് തിരിച്ചുപോക്കുകളെ പറ്റിയാണ്.ഒരർത്ഥത്തിൽ ജീവിതം തന്നെ ഒരു തിരിച്ചുപോക്കല്ലേ? നഷ്ടപ്പെട്ട എന്തോ ഒന്നിലേക്കുള്ള ഒരു തിരിച്ചു പോക്ക്...
സ്റ്റേഷനിൽ ഇറങ്ങുമ്പോൾ സന്ധ്യയായിത്തുടങ്ങിയിരുന്നു.ഒരു വ്യാഴവട്ടത്തിനുശേഷവും പരിചയം വിടാത്ത നഗരം.കോളേജ് ഗേറ്റിൽ എത്തിയപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങി.മഴ പെയ്തു തോർന്നിരുന്നു.മരങ്ങൾ പെയ്യുന്ന ശബ്ദം ഒഴിച്ചു നിർത്തിയാൽ ആ പരിസരം പരിപൂർണ്ണ നിശബ്ദമാണ്. സെക്യൂരിറ്റി ഗേറ്റിൽ സന്ദർശന സമയം എഴുതിവച്ച് ഓർമ്മകളോട് കുശലം പറഞ്ഞ് പതുക്കെ നടന്നു.പുതുമണ്ണിന്റെ ഗന്ധം.ഓർമ്മകൾക്കും ഇതേ ഗന്ധമാണല്ലോ എന്ന് ഞാൻ അത്ഭുതപ്പെട്ടു. ഗ്രൗണ്ടിനപ്പുറം ഇരുട്ടിലും കദംബമരം കാണാം.
മഴനനഞ്ഞുകുതിർന്ന മണ്ണിൽ കാലുകൾ പുതഞ്ഞു പോകുന്നതിനാൽ വളരെ പതുക്കെയാണ് നടന്നത്.
മരത്തിനടുത്തെത്താറായപ്പോഴാണ് രണ്ട് പേർ ആ മരച്ചുവട്ടിലിരിക്കുന്നത് ശ്രദ്ധിച്ചത്. ഇത്ര നേരവും എന്താണവരെ കാണാഞ്ഞത് എന്നു ഞാൻ അത്ഭുതപ്പെട്ടു. ഒരാൺകുട്ടിയും പെൺകുട്ടിയുമാണ്.പെൺകുട്ടി ആൺകുട്ടിയുടെ കൈകളിൽ എന്തോ എഴുതിക്കൊണ്ടിരിക്കുന്നു. തിരിച്ചുപോകാനുള്ള വിഷമം രണ്ടു പേരുടെ മുഖഭാവങ്ങളിൽ നിന്നും വ്യക്തമാണ്. മുന്നോട്ടു നീങ്ങാനാവാതെ ഞാൻ പെട്ടെന്ന് തരിച്ചുനിന്നു പോയി. ഓർമ്മകളിലെവിടെയോ മായാതെ നിൽക്കുന്ന ഒരു കാഴ്ച്ച.നഷ്ടപ്പെട്ടു എന്ന് കരുതിയ ഒന്ന് കാലങ്ങൾക്കിപ്പുറം അതേ മരച്ചുവട്ടിൽ.കാലം എനിക്കു വേണ്ടി വരച്ചുവച്ച ഒരു ചിത്രം പോലെ.കുറച്ചു നേരം ആ കാഴ്ച്ചയും നോക്കിക്കൊണ്ട് ഞാൻ നിന്നു.അന്നേരം ഒരു കാറ്റു വീശി.കാറ്റിലാടിക്കൊണ്ട് കദംബമരത്തിന്റെ ഇലകൾ എന്നോടപ്പോൾ ഒരു കഥ പറഞ്ഞു.കാലം മെനഞ്ഞെടുത്ത അനശ്വരമായ ഒരു പ്രണയകഥ. എന്റെ ഹൃദയം അതെന്നോട് ഏറ്റു പറഞ്ഞു. അതേ, ഞാനും നീയും എന്നതിനപ്പുറം നമ്മൾ ഒരു കാലമാണ്. ഋതുഭേദങ്ങൾക്കിടയിൽ ആവർത്തിച്ചു കൊണ്ടേയിരിക്കുന്ന ഒരു പ്രണയകാലം.
എത്ര സമയം അവിടെ അങ്ങനെ നിന്നെന്നോർമ്മയില്ല. പ്രജ്ഞയിലേക്ക് തിരികെവരുമ്പോൾ മുന്നിൽ ആരുമില്ല. ശൂന്യമായ മരച്ചുവട് മാത്രം... അവിടം അതിന്റെ അടുത്ത അവകാശികൾക്ക് കൈമാറി ചോദ്യങ്ങളകന്ന മനസുമായി ഞാൻ തിരികെ നടന്നു.ഒന്നും നേടാനില്ലാതെ, ഒന്നും നഷ്ടപ്പെടാനില്ലാതെ, ഒരു പുതിയ കാലത്തിലേക്ക് ... അവസാനമായ് ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞു വന്ന കണ്ണുനീരിന്റെ മൂടലിലും ഞാൻ വ്യക്തമായി കണ്ടു കാലങ്ങളിലേക്ക് വളർന്നു നിൽക്കുന്ന ഒരു കദംബമരവും ഒരായിരം ജൻമങ്ങളിലെ പ്രണയം കാത്തുസൂക്ഷിച്ച ആ മരച്ചുവടും...
Comments
Post a Comment