ആ കദംബമരച്ചുവട്ടിൽ
കദംബ മരത്തെ ചുറ്റിപ്പറ്റി കാൽപ്പനികമായ ഒരു വിശ്വാസമുണ്ട്.കദംബമരച്ചുവട്ടിൽ പങ്കുവയ്ക്കപ്പെട്ട പ്രണയം ജീവിതാവസാനം വരെ ആ മരം കാത്തുസൂക്ഷിക്കും എന്നതാണത്. പിന്നീടൊരുകാലം അവർ വേർപിരിഞ്ഞു പോയാൽ ഈ മരം അവരെ കൂട്ടിയിണക്കുമത്രെ! . . . വായിച്ചുകൊണ്ടിരുന്ന മാഗസിൻ അടച്ചുവച്ച് ഞാൻ പതിയെ കസേരയിലേക്ക് ചാഞ്ഞിരുന്നു. മഴക്കു മുന്നോടിയായി കാറ്റ് വീശിത്തുടങ്ങിയിരുന്നു. മുറ്റത്ത് വീണു കിടക്കുന്ന ഇലകളോടൊപ്പം ചിതറിപ്പോയ എന്റെ ഓർമ്മകളേയും എങ്ങോട്ടെന്നില്ലാതെ ആ കാറ്റ് പറപ്പിച്ചു കളഞ്ഞു.പെയ്തിറങ്ങാൻ കൊതിച്ചു നിൽക്കുന്ന അടുത്ത മഴയെത്തും മുൻപേ മറ്റൊരു കദംബമരച്ചുവട്ടിലാണ് ഓർമ്മകൾ പെയ്തിറങ്ങിയത്. കാതങ്ങളകലെയുള്ള , കാലങ്ങൾക്കപ്പുറമുള്ള ഒരു കദംബമരച്ചുവട്. സന്ധ്യമയങ്ങി തുടങ്ങിയിരുന്നു. ക്ലാസെല്ലാം കഴിഞ്ഞ് കോളേജ് ഗ്രൗണ്ടിനോട് ചേർന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന ആ മരച്ചുവട്ടിൽ എത്തുമ്പോൾ എന്നും സന്ധ്യയാവാറുണ്ട്. അതാവണം എൻ്റെ ഓർമ്മകളിൽ പ്രണയത്തിനെപ്പോഴും സന്ധ്യയുടെ അരുണ വർണ്ണം പടർന്നിരിക്കുന്നത്. ഗ്രൗണ്ടിൽ കുറച്ചുമാറി ബാസ്കറ്റ് ബോൾ കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ ശബ്ദം മാത്രം ഇടയ്ക്ക് പ്രതിധ്വനിച്ചു കേൾക്ക...